ആക്ടീവ് ടെണ്ടർ വിവരങ്ങൾക്കായി https://tender.lsgkerala.gov.in/pages/displayTender.php പരിശോധിക്കുക
ചരിത്രം

 

സാമൂഹിക സാംസ്കാരിക പശ്ചാത്തലം

          ഏതാണ്ട് 12-ാം നൂറ്റാണ്ടിനു മുൻപ് ചേരരാജാവായ കുലശേഖര രാജശേഖര വർമ്മൻ ശങ്കരാചാര്യരെ കാലടിയിൽ വന്നു സന്ദർശിച്ചിരുന്നതായി ചരിത്രം പറയുന്നു (കേരള ചരിത്രം – ശ്രീധരമേനോൻ). ശങ്കരാചാര്യ ചരിത്രത്തിൻറെ ഭാഗമായ മുതലക്കടവ്, ആര്യാംബ സമാധി സ്ഥലം കാർത്യായനി ക്ഷേത്രം, ശ്രീ ശങ്കരനാൽ പ്രതിഷ്ടിക്കപ്പെട്ടു എന്ന് കരുതുന്ന ശ്രീകൃഷ്ണ ക്ഷേത്രം, തിരുവെളളമാൻതുളളി ക്ഷേത്രം, പുത്തൻകാവ് ഭഗവതി ക്ഷേത്രം എന്നിവ ഇന്നും കാലടിയിൽ ഉണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീമാധവറാവു AD 1906 ൽ കാലടിയിൽ കൈപ്പിളളി ഇല്ലം സ്ഥിതി ചെയ്തിരുന്ന കണ്ടക്കര പുരയിടവും അതിനോടു ചേർന്ന 25 ഏക്കർ സ്ഥലവും എടുത്ത് മതിൽ കെട്ടി തിരിച്ചാണ് ഇന്നത്തെ ശൃംഗേരി ക്ഷേത്രവും മറ്റും സ്ഥാപിച്ചത്( എറണാകുളം ജില്ലാ ഡയറക്ടർ 1961) ക്ഷേത്രത്തിന്റെ ഉദ്ഘാടന കർമ്മം  1910 ൽ ശൃംഗേരി മഠത്തിലെ 33-ാം ത് സന്യാസിവര്യനായ ശ്രീ സച്ചിതാനന്ദ ശിവാഭിനവ ത്രിസിംഹ ഭാരതീ സ്വാമികളാൽ നിർവ്വഹിക്കപ്പെട്ടു. കാലടിയുടെ ഉണർവിന് ഏറ്റവും കാരണക്കാരനായ മഹത് വ്യക്തി ആഗമാനന്ദ സ്വാമികളായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരത്തിന്റെ മൂർദ്ധന്യത്തിൽ 1936 ലാണ് ആഗമാനന്ദ സ്വാമികൾ രാമകൃഷ്ണാശ്രമം സ്ഥാപിച്ചത്. വൈക്കം സത്യാഗ്രഹത്തിന്റെ മൂർദ്ധന്യത്തിൽ അയിത്ത ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതിൽ രാസത്വരകമായിത്തീർന്നത് ശ്രീമദ്. ആഗമാനന്ദസ്വാമികളായിരുന്നു. ശങ്കരാചാര്യരുടെ ജീവിതകാലത്ത് പ്രമുഖമായ 10 നമ്പൂതിരി ഇല്ലങ്ങളുണ്ടായിരുന്നു എങ്കിലും ശങ്കരാചാര്യരുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ആര്യാംബയുടെ മരണാനന്തര ചടങ്ങുകളുമായി സഹകരിച്ച രണ്ട് ഇല്ലങ്ങൾ മാത്രമേ അവശേഷിച്ചിട്ടുളളൂ എന്ന് പറയുന്നു. ദേശീയപ്രസ്ഥാനകാലത്ത് മറ്റുചില ജന്മിമാരും ഇടപ്രമുഖൻമാരുമായ പനയിൽ പാഴൂർമനയുടേയും പറയത്ത് മേനോൻമാരുടെയും ഉടമസ്ഥതയിലായിരുന്നു കാലടിയിലെ ഭൂമി അധികവും. സ്വാമികളുടെ ശ്രമഫലമായി അദ്വൈതാശ്രമത്തോടനുബന്ധിച്ച് ഒരു സംസ്കൃതസ്കൂളും 1953 ൽ ശ്രീശങ്കരകോളേജും സ്ഥാപിച്ചു. ഭൂതാന പ്രസ്ഥാനത്തന്റെ ഭാഗമായി 1958 ൽ ശ്രീശങ്കരകോളേജിൽ നടന്ന കർഷക സമ്മേളനത്തിൽ ദേശീയ നേതാക്കളായിരുന്ന വിനോബഭാവേ,ജയപ്രകാശ് നാരായണൻ എന്നിവരും മറ്റു പ്രമുഖരും പങ്കെടുത്തു. കാലത്തിന്റെ വിസ്മൃതിയിൽ ആണ്ടുപോയിരുന്ന ശ്രീകൃഷ്ണക്ഷേത്രത്തിന്റെയും ആര്യാംഭ സമാധിസ്ഥാനത്തിന്റെയും പുനരുദ്ധാരണവും ശൃംഗേരി ക്ഷേത്രം നവീകരിച്ച് തീർത്ഥാടക പ്രാധാന്യമാക്കിയതും ഈ കാലഘട്ടത്തിലാണ്. അദ്വൈതാശ്രമത്തോടനുബന്ധിച്ച് ബ്രഹ്മാനന്ദോദയം സ്കൂളും, സംസ്കൃത യു പി സ്കൂളും, ജൂനിയർ ബേസിക് സ്കൂളും പ്രവർത്തിച്ച് വരുന്നു. കേരളത്തിലെ ക്രൈസ്തവദേവാലയങ്ങളിൽ ഏറെ പ്രസിദ്ധമായ കാഞ്ഞൂർ പളളിയുടെ പ്രശസ്തിയോടെ കാലടിയിലും ക്രൈസ്തവ പ്രാധാന്യമേറിയ പളളികൾ സ്ഥാപിതമായിട്ടുണ്ട്. മുസ്ലിം സമുദായത്തിന്റെ പ്രാധ്യാന്യം വിളിച്ചോതുന്ന കാലടി ജുമാ മസ്ജിദും, മേക്കാലടി ഹുറൂൽ ഇസ്ലാം മദ്രസയും മുസ്ലിം പളളിയും വിവിധ ജാതിമത സംഗമ കേന്ദ്രമായ കാലടിയെ മാനവ സാംസ്കാരിക പ്രതീകത്തിന്റെ പുണ്യഭൂമിയാക്കുന്നു. കാലടിയുടെ ദേശീയോത്സവമായ വളരെകാലമായി മുടങ്ങി കിടന്നിരുന്നതുമായ ശിവരാത്രി ആഘോഷം വിശാലമായ കാലടി മണപ്പുറത്ത് വർഷങ്ങളായി ആഘോഷിച്ച് വരുന്നു. 1953 ലാണ് കാലടി ശിവരാത്രി ആഘോഷം സമാരാംഭിച്ചത് ശ്രീശങ്കരാചാര്യരുമായി ബന്ധപ്പെട്ട് കിടക്കുന്ന മാണിക്യമംഗലത്തെ കാർത്യായനി ദേവി ക്ഷേത്രത്തിലെ പൂരം പ്രസിദ്ധമാണ്. മേളം, പഞ്ചവാദ്യം തുടങ്ങിയ ക്ഷേത്രകലകൾക്കു പുറമേ സംഗീത കച്ചേരി, നൃത്തനൃത്ത്യങ്ങൾ, കഥാപ്രസംഗം, നാടകം തുടങ്ങിയ ഇതര കലകൾക്കും സ്ഥാനം നൽകുന്നുണ്ട്. മുടിയേറ്റ് കൂത്ത് ഓട്ടൻതുളളൽ, പാഠകം എന്നീ കലകളും ഈ ക്ഷേത്രവേദികളിലൂടെ ഈ പഞ്ചായത്തിൽ പരിചിതമാകുന്നു, കഥകളി കുറച്ച് നാൾ മുൻപ് വരെ മാണിക്യമംഗലം, തിരുവെളളമാൻതുളളി ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തിയിരുന്നു കേരളത്തിന്റെ സാംസ്കാരിക നവോദ്ധാനത്തിന്റെ ചരിത്രത്തിൽ ചെറിയൊരു സംഭാവന ചെയ്യാൻ ഈ പ്രദേശത്തെ ക്ഷേത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പഞ്ചായത്തിലെ ലൈബ്രറി പ്രവർത്തനത്തിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. പഴയ ഗോത്രവർഗ്ഗ സംസ്കാരത്തിന്റെ ഭാഗമായി കാവുകൾ, കൊട്ടിലുകൾ, പതികൾ എന്ന പേരുകളും ഈ വിഭാഗത്തിന്റെ ആരാധനാലയങ്ങൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാണാൻ കഴിയും. ഇപ്പോഴും ഭൂരിഭാഗം വിടുകളിലും ഇതെല്ലാം കണ്ടുവരുന്നു.